ലോകത്തെ തന്നെ സ്തംഭിപ്പിക്കാൻ കഴിവുള്ള ഒരു കമ്പനി

ലോകത്തിലെ ഏറ്റവും വലിയ കമ്പനി എന്താണെന്ന ചോദ്യത്തിന് നമ്മുടെ പരിമിത അറിവുകൾ വച്ച് സാംസംഗ്‌, ഗൂഗി,ൾ ടെസ്ല എന്നീ പേരുകൾ മനസ്സിൽ വന്നേക്കാം. എന്നാൽ ഇവയ്‌ക്കൊന്നും എത്തിപ്പിടിക്കാൻ കഴിയാത്ത അത്രയും വലിയ സാങ്കേതിക വിദ്യ നിർമ്മാതാക്കളായ ഒരു കമ്പനി ലോകത്തുണ്ട്.
മറ്റു ടെക്‌നോളജി ഭീമന്മാരെ എന്നല്ല ലോകത്തെ തന്നെ സ്തംഭിപ്പിക്കാൻ കഴിവുള്ള ഒരു കമ്പനി അതിന്റെ പേരാണ് ASML
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും എതിരാളികൾ ഇല്ലാത്തതുമായ ഒരേയൊരു കമ്പനി.
നെതർലാൻഡ്‌സ് ആസ്ഥാനമായുള്ള ഒരു ബഹുരാഷ്ട്ര കോർപ്പറേഷനായ ASML അഥവാ അഡ്വാൻസ്ഡ് സെമികണ്ടക്ടർ മെറ്റീരിയൽസ് ലിത്തോഗ്രഫി, മനുഷ്യ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാങ്കേതിക വിദ്യ നിർമ്മാതാക്കൾ ആണ്. ആധുനിക സാങ്കേതിക ലോകത്തിന് ഒഴിച്ചുകൂടാനാവാത്ത സെമികണ്ടക്ടർ വ്യവസായത്തിന്റെ കുത്തക ഭീമൻ.
ലോകത്ത് അധികമാർക്കും പരിചിതമല്ലാത്ത ഈ കമ്പനി നിർമ്മിച്ച യന്ത്രമാണ് എക്സ്ട്രീം അൾട്രാവയലറ്റ് (EUV) ലിത്തോഗ്രാഫി സിസ്റ്റം. ഈ സാങ്കേതിക വിദ്യ ഇല്ലാതെ ഐഫോൺ സീരീസ്, സാംസങ് ഗാലക്‌സി സീരീസ്, എൻവിഡിയയുടെ ശക്തമായ GPU-കൾ, അല്ലെങ്കിൽ അഡ്വാൻസ്ഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മോഡലുകൾ പോലുള്ള ആധുനിക സ്മാർട്ട്‌ഫോണുകൾ ലോകം കാണില്ല.

ആഗോള ചിപ്പ് വിതരണ ശൃംഖലയിലെ ഏറ്റവും നിർണായക സ്തംഭമായ ASML-നെക്കുറിച്ച് നമ്മൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്

ലോകം സ്തംഭിച്ചുപോകാതിരിക്കാൻ ഈ കമ്പനി പ്രവർത്തിച്ചേ മതിയാകൂ. കാരണം സാങ്കേതിക വിദ്യ നിയന്ത്രിക്കുന്ന ഈ പുതിയ ലോകത്ത്
ഏറ്റവും പുതിയ ഐഫോണിലും ലാപ്ടോപ്പിലുമുള്ള അഡ്വാൻസ്ഡ് ചിപ്പുകൾ നിർമ്മിക്കണമെങ്കിൽ EUV (Extreme Ultraviolet) എന്ന ലിത്തോഗ്രഫി മെഷീൻ വേണം. ഇന്ന് ലോകത്തിൽ ഈ മെഷീൻ നിർമ്മിക്കാൻ അറിയാവുന്ന ഒരേയൊരു കമ്പനി ASML മാത്രമാണ്. അമേരിക്കയോ ജപ്പാനോ ചൈനയോ പോലും ഈ സാങ്കേതിക വിദ്യ സ്വായത്തമാക്കിയിട്ടില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ASML അക്ഷരാത്ഥത്തിൽ ഒരു കുത്തക കമ്പനിയാണ്.

ASML-ന്റെ ഒരു EUV മെഷീൻ ഒരു ബസ്സിൻ്റെ വലിപ്പമുള്ള “പ്രിന്റർ” ആണ്.
മനുഷ്യ നിർമ്മിതമായ ഏറ്റവും സങ്കീർണ്ണമായ യന്ത്രം. 180 ടൺ ഭാരമുള്ള ഈ ഒരൊറ്റ യന്ത്രത്തിന് ഏകദേശം 30,000 കോടി രൂപയിൽ കൂടുതലാണ് ($350 Million)യാണ് വില വരുന്നത്.
ഈ യന്ത്രത്തെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ 3 ബോയിംഗ് 747 വിമാനങ്ങൾ വേണം.

ഈ ലിത്തോഗ്രഫി മെഷീനിന്റെ അവിശ്വസനീയമായ കൃത്യത (Mind-Bending Precision) മനസ്സിലാക്കാൻ ഒരു ഉദാഹരണമായി പറയുന്നത് ഇങ്ങനെയാണ്, ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്ക് ഒരു ലേസർ ടോർച്ച് അടിക്കുന്നു എന്ന് കരുതുക. ചന്ദ്രനിൽ ഇരിക്കുന്ന ഒരു നാണയത്തിൽ (Coin) കൃത്യമായി ആ വെളിച്ചം കൊള്ളിക്കാൻ കഴിയുന്നത്ര കൃത്യതയാണ് ഈ മെഷീന് വേണ്ടത്.

ചുരുക്കമായി പറഞ്ഞാൽ ഇന്ന് നമ്മൾ ഉപയോഗിക്കുന്ന ഡിജിറ്റൽ ലോകം മുഴുവൻ നിയന്ത്രിക്കുന്നതും നിലനിൽക്കുന്നത് പോലും നെതർലാൻഡ്‌സിലെ ഈ കമ്പനി ഉണ്ടാക്കുന്ന ആ “മാന്ത്രിക വെളിച്ചത്തിൽ” ആണ്. ചിപ്പ് നിർമ്മാതാക്കളായ Intel, TSMC, Samsung തുടങ്ങിയ കമ്പനികളെ കാറുകൾ ആയി കണക്കാക്കുകയാണെങ്കിൽ ആ കാറുകളുടെ എൻജിൻ നിർമ്മിക്കുന്നത് ASML ആണ്.
1984-ൽ ഫിലിപ്‌സും ASM ഇന്റർനാഷണലും സംയുക്ത സംരംഭമായാണ് ASML സ്ഥാപിച്ചത്, ലിത്തോഗ്രാഫി എന്നത് പ്രകാശം ഉപയോഗിച്ച് സിലിക്കൺ വേഫറുകളിൽ സൂക്ഷ്മ പാറ്റേണുകൾ “പ്രിന്റ്” ചെയ്യുന്ന പ്രക്രിയയാണ്, ഇവ സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ മുതൽ ഡാറ്റാ സെന്ററുകൾ, AI പ്രോസസ്സറുകൾ, ഫൈറ്റർ ജെറ്റുകൾ തുടങ്ങി ലോകം നിയന്ത്രിക്കുന്ന നിർണ്ണായക ശക്തികൾക്ക് ഊർജം പകരുന്ന ചിപ്പുകളായി മാറുന്നു.

അൾട്രാ വയലറ്റ് അധിഷ്ഠിത ലിത്തോഗ്രാഫി മെഷീനുകൾ സൃഷ്ടിക്കുന്നത് എളുപ്പമല്ല. വാസ്തവത്തിൽ, ASML-ന് രണ്ട് പതിറ്റാണ്ടിലേറെ പരിശ്രമവും, സെമികണ്ടക്ടർ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുമായുള്ള നിരവധി പങ്കാളിത്തവും, കോടിക്കണക്കിന് യൂറോ ചിലവും വേണ്ടിവന്നു.
EUV ലിത്തോഗ്രാഫി മെഷീനിന്റെ സങ്കീർണ്ണതകൾ മനസ്സിലാക്കാൻ , ഈയൊരു ഉദാഹരണം നോക്കിയാൽ മതി,
IBM റിസർച്ച് അനുസരിച്ച് , EUV പ്രകാശം ഉത്പാദിപ്പിക്കുന്നത് സെക്കൻഡിൽ ഏകദേശം 50,000 തവണ ടിൻ തുള്ളികൾ പവർ ലേസർ പതിച്ചുകൊണ്ടാണ് ലേസർ തട്ടിയാൽ, ടിൻ പ്ലാസ്മയായി മാറുന്നു, കൂടാതെ ഈ പ്ലാസ്മ 13.5nm തരംഗദൈർഘ്യമുള്ള തീവ്രമായ അൾട്രാവയലറ്റ് പ്രകാശം പുറപ്പെടുവിക്കുന്നു.

അതി സങ്കീർണ്ണമായ ഈ ബുദ്ധിമുട്ടുകൾ കാരണം, ഇന്റൽ, ടിഎസ്എംസി പോലുള്ള ലോകത്തിലെ ഏറ്റവും വലിയ സെമികണ്ടക്ടർ കമ്പനികൾ പോലും സ്വന്തമായി ഇയുവി ലിത്തോഗ്രാഫി മെഷീനുകൾ വികസിപ്പിക്കുന്നതന് ധൈര്യപ്പെടുന്നില്ല. അതുകൊണ്ട് സാംസങ്ങിനൊപ്പം ഇന്റലും ടിഎസ്എംസിയും കമ്പനിയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.

ഇന്ന്, EUV ലിത്തോഗ്രാഫി മെഷീനുകൾ നിർമ്മിക്കുന്ന ലോകത്തിലെ ഏക കമ്പനി എന്ന പദവി ASML ആണ് . ഇന്റൽ, TSMC, സാംസങ്, മറ്റ് ചിപ്പ് നിർമ്മാതാക്കൾ തുടങ്ങിയ കമ്പനികൾക്ക് ഈ മെഷീനുകൾ ഒരു യൂണിറ്റിന് 350 മില്യൺ യൂറോയ്ക്ക് (ഏകദേശം 37,480 കോടി രൂപ) വിൽക്കുന്നു. എന്നുവച്ചാൽ ഈ ലോകത്തിലെ ആരെങ്കിലും 7nm-ൽ താഴെയുള്ള ട്രാൻസിസ്റ്ററുകളുള്ള ചിപ്‌സെറ്റുകൾ നിർമ്മിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ ASML-ൽ നിന്ന് മെഷീനുകൾ വാങ്ങേണ്ടിവരും എന്നാണ്.

ഒന്ന് നിലച്ചാൽ ലോകം തന്നെ സ്തംഭിച്ചുപോകുന്ന സാങ്കേതിക വിദ്യ നിർമ്മാതാക്കളായ ASML തങ്ങളുടെ രഹസ്യ സ്വഭാവം നില നിർത്തി ഒരു പരസ്യം പോലും ലോകത്തിന് നൽകാതെ സാങ്കേതിക ലോകത്തെ ഏക ഛത്രപതിയായി വാഴുന്നു എന്നതാണ് സത്യ

Leave a Reply

Your email address will not be published. Required fields are marked *

2% OFF