പണാറത്തിന് ആദരാഞ്ജലികൾ

പണാറത്തിന് ആദരാഞ്ജലികൾ

മുൻ മേപ്പയ്യൂർ MLA യും 16 വർഷക്കാലം എടച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പറായും വൈസ് പ്രസിഡൻ്റായും ചുരുങ്ങിയ കാലം പഞ്ചായത്ത് പ്രസിഡൻറായും പ്രവർത്തിച്ച പൊതു പ്രവർത്തകനായിരുന്നു പണാറത്ത്‌. സഖാവ് ഇ.വിയുടെ ഭരണകാലത്താണ് അദ്ദേഹം മെമ്പറായി പ്രവർത്തിച്ചത്. ഇ.വി യും പണാറത്തും രണ്ട് രാഷ്ട്രീയ പാർട്ടിയിലാണ് പ്രവർത്തിച്ചതെങ്കിലും വികസന പ്രവർത്തനത്തിൽ രണ്ട് പേരും ഒന്നിച്ചു നിന്ന് നേതൃത്വം കൊടുക്കുന്ന അനുഭവമാണ് ഉണ്ടായിരുന്നത്. നാദാപുരം മേഖലയിൽ വിവിധ ഘട്ടങ്ങളിൽ സംഘർഷം ഉണ്ടാവുമ്പോൾ അത് പരിഹരിക്കുന്നതിന് വേണ്ടി ഇ.വി യും പണാറത്തും എല്ലാവരെയും കൂട്ടിയോജിപ്പിച്ചു കൊണ്ട് ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് നടത്തിയത്. പണാറത്തിൻ്റെ വീട് എടച്ചേരിയാണെങ്കിലും കച്ചേരി, ഇരിങ്ങണ്ണൂർ പ്രദേശത്ത് ഒരു നാട്ടുകാരനെപ്പോലെ ആയിരുന്നു പണാറത്തിൻ്റെ പ്രവർത്തനം. കുറച്ചു കാലം ഇരിങ്ങണ്ണൂരിലെ തേറം പിലാവിൽ എന്ന വീട്ടിൽ താമസിച്ചിരുന്നു. എന്നെപ്പോലുള്ള പൊതുപ്രവർത്തകരെ കാണുമ്പോൾ വികസന പ്രവർത്തനങ്ങളെക്കുറിച്ചാണ് എപ്പോഴും ചർച്ച ചെയ്തിരുന്നത്. പ്രായാധിക്യത്താൽ വീട്ടിൽ വിശ്രമിക്കുമ്പോഴും ഞങ്ങളെയെല്ലാം കാണണം എന്ന് ആഗ്രഹം പ്രകടിപ്പിക്കുമ്പോൾ അദ്ദേഹത്തിൻ്റെ വീട്ടിൽ പോവാറുണ്ടായിരുന്നു. സൗമ്യതയോടെയുള്ള പെരുമാറ്റമാണ് അദ്ദേഹത്തിൽ നിന്നുമുണ്ടാകാറുള്ളത്. തുരുത്തി മുക്ക് പാലം പൂർത്തീകരിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനം നടത്തുന്നതിനു വേണ്ടി ഞങ്ങളെയെല്ലാം പണാറത്ത് ബന്ധപ്പെടാറുണ്ടായിരുന്നു. വികസന പ്രവർത്തനത്തിലും നാട്ടിലെ സമാധാനം സംരക്ഷിക്കാനും എന്നും പ്രവർത്തിച്ചിട്ടുള്ള പണാറത്ത് എന്ന മനുഷ്യ സ്നേഹി നമ്മെ വിട്ടു പിരിഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിൻ്റെ വേർപാടിൽ അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നു.

ടി.കെ അരവിന്ദാക്ഷൻ

Leave a Reply

Your email address will not be published. Required fields are marked *

2% OFF