ജോലി പോയാൽ 3 മാസം ശമ്പളത്തിന്റെ 60%; യുഎഇയിൽ ഇൻഷൂറൻസ് പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ…

ജോലി പോയാൽ 3 മാസം ശമ്പളത്തിന്റെ 60%; യുഎഇയിൽ ഇൻഷൂറൻസ് പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ…


യുഎഇയിൽ ജോലി നഷ്ടപ്പെടുന്നവർക്ക് തൊഴിൽമന്ത്രാലയം പ്രഖ്യാപിച്ച ഇൻഷൂറൻസ് പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ ഗവൺമെൻറ് പുറത്തുവിട്ടു. മാസം അഞ്ച് ദിർഹം നൽകി ഈ പദ്ധതിയിൽ ജീവനക്കാർക്ക് അംഗമാകാമെന്നും പ്രീമിയം അടക്കേണ്ടത് ജീവനക്കാരാണെന്നും സ്ഥാപനമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി. തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ശമ്പളത്തിന്റെ 60 ശതമാനം വരെ മൂന്നുമാസം ഉറപ്പാക്കുന്ന പദ്ധതിയാണ് യു എ ഇ തൊഴിൽമന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചത്. അടുത്തവർഷം ജനുവരി ഒന്ന് മുതലാണ് പദ്ധതി നിലവിൽ വരിക. 16,000 ദിർഹം വരെ ശമ്പളമുള്ളവർക്ക് മാസം അഞ്ച് ദിർഹം അല്ലെങ്കിൽ വർഷം 60 ദിർഹം പ്രീമിയം അടച്ച് പദ്ധതിയിൽ അംഗമാകാം. 16,000 ദിർഹത്തിന് മുകളിൽ ശമ്പളമുള്ളവർ മാസം പത്ത് ദിർഹമോ വർഷം 120 ദിർഹമോ അടക്കണം. 16,000 ദിർഹത്തിൽ താഴെ അടിസ്ഥാന ശമ്പളമുള്ളവർക്ക് മാസം പരമാവധി 10,000 ദിർഹം വിതമാണ് തൊഴിൽ നഷ്ടപ്പെട്ടാൽ മൂന്നുമാസം ലഭിക്കുക. 16,000 ദിർഹത്തിന് മുകളിൽ ശമ്പളമുള്ളവർക്ക് മാസം പരമാവധി 20,000 ദിർഹം വരെ ഇൻഷൂറൻസ് ലഭിക്കും. മൂന്നുമാസത്തിനിടെ രാജ്യം വിടുകയോ മറ്റൊരു ജോലി ലഭിക്കുകയോ ചെയ്താൽ പിന്നീട് തുക അനുവദിക്കില്ല. പദ്ധതി നടപ്പാക്കുന്നതിന് ഒമ്പത് ഇൻഷൂറൻസ് കമ്പനികളുമായി തൊഴിൽമന്ത്രാലയം കരാർ ഒപ്പിട്ടുണ്ട്. പ്രീമിയം അടവ് തുടങ്ങി ഒരുവർഷം പിന്നിട്ടവർക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. സ്വന്തം സ്ഥാപനത്തിൽ ജോലിയെടുക്കുന്നവർ, വിരമിക്കൽ പെൻഷന് ശേഷം മറ്റു ജോലിയിൽ പ്രവേശിച്ചവർ, 18 തികയാത്തവർ, വീട്ടുജോലിക്കാർ, പാർട്ട്‌ടൈം ജീവനക്കാർ, കമീഷൻ അടിസ്ഥാനത്തിൽ ജോലിയെടുക്കുന്നവർ എന്നിവർക്ക പദ്ധതിയിൽ ചേരാനാവില്ല. പദ്ധതിയിലെ അംഗങ്ങൾക് തൊഴിൽ നഷ്ടപ്പെട്ടാൽ 30 ദിവസത്തിനകം ക്ലെയിമിന് അപേക്ഷ നൽകണം. രണ്ടാഴ്ചക്കകം ഇൻഷൂറൻസ് തുക ലഭിച്ച് തുടങ്ങും. പദ്ധതിയിൽ ചേരാൻ ഇൻഷൂറൻസ് പൂൾ വെബ്‌സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ, മണി എക്‌സ്‌ചേഞ്ചുകൾ, ഡു, ഇത്തിസലാത്ത് മൊബൈൽ കമ്പനികളുടെ എസ് എം എസ് തുടങ്ങി നിരവധി മാർഗങ്ങളും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

2% OFF