90
കാലത്ത്, ഞാൻ ജോലി ചെയ്യുന്ന ഷാർജയിലെ സ്ഥാപനത്തിൽ ഇടക്കൊക്കെ വരാറുള്ളൊരു മലപ്പുറം കാരനുണ്ടായിരുന്നു.. അദ്ദേഹത്തിന് വിസയില്ല പാസ്പോർട്ടില്ല ഐഡി ഇല്ല.. അങ്ങനെ അയാളുടെ പേര് തെളിയിക്കാൻ പോലും പറ്റിയ ഒന്നുമില്ല കയ്യിൽ.. നൂറ് ശതമാനം അനധികൃത കുടിയേറ്റക്കാരാൻ.. അയാൾ പല സ്ഥലങ്ങളിലും ജോലി ചെയ്ത് കുടുംബത്തിലേക്ക് മാസാമാസം പണം അയക്കും.. അങ്ങനെ വർഷങ്ങൾ കഴിഞ്ഞു..

നാട്ടിലെ പ്രാരാബ്ധങ്ങൾ ഏറെ കുറെ തീർന്നു.. പെങ്ങന്മാരെ കെട്ടിച്ചയച്ചു, അനിയന്മാരെ പഠിപ്പിച്ചു.. അങ്ങനെ എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കുമ്പോൾ അയാൾക്ക് നാട്ടിൽ പോകാൻ മോഹം തുടങ്ങി..
അയാൾ നേരെ പോയത് പോലീസ് സ്റ്റേഷനിലേക്കാണ്.. അവിടെ അയാളെ അഭിവാദ്യം ചെയ്ത് സ്വീകരിച്ചിരുത്തി, കട്ടൻ ചായ കൊടുത്തതിന് ശേഷം വന്ന കാര്യം തിരക്കി..
അയാൾ കാര്യങ്ങൾ മുഴുവൻ പറഞ്ഞു.. 8
വർഷത്തോളമായി അനധികൃതമായി താമസിക്കുകയാണെന്ന് അവരെ ബോധ്യപ്പെടുത്തി.. പോലീസുകാർക്ക് ഭാവ മാറ്റങ്ങൾ ഒന്നും ഉണ്ടായില്ല.. ദിവസവും ഇങ്ങനെയുള്ള എത്രയോ കേസുകൾ അവർ കേൾക്കുന്നു എന്ന ഭാവമാണവർക്ക്…
ഒരു രേഖയുമില്ലാതെ ഇന്ത്യയിലേക്ക് കയറ്റി അയക്കാൻ കഴിയില്ലെന്ന നിസഹായത അവർ അയാളോട് പറഞ്ഞു.
താങ്കൾ ഇപ്പോൾ തിരിച്ചുപോവുക,
എംബസിയിൽ പോയി ഔട് പാസ് കിട്ടാൻ വേണ്ട കാര്യങ്ങൾ ചെയ്ത് തിരിച്ചു വരിക താങ്കളെ ഞങ്ങൾ നാട്ടിൽ അയക്കാം എന്നവർ പറഞ്ഞു… അയാളെ സമാധാനപ്പെടുത്തി തിരിച്ചയച്ചു..
അയാൾ നാട്ടിൽ വിളിച്ച് റേഷൻ കാർഡിന്റെ കോപ്പി സംഘടിപ്പിച്ചു.. ഔട് പാസിന്റെ കാര്യങ്ങൾ നീക്കിയതിന് ശേഷം അയാൾ വീണ്ടും പോലീസ് സ്റ്റേഷനിൽ പോയി.. ഒരു ദിവസം ലോക്കപ്പിൽ കിടന്നു, പിറ്റേ ദിവസം പോലീസുകാർ വന്ന് അയാളോട് പല കാര്യങ്ങളും ചോദിച്ചു.. കൂട്ടത്തിൽ താങ്കൾക്ക് ജോലി ചെയ്ത വകയിൽ എവിടെ നിന്നെങ്കിലും ശമ്പളം കിട്ടാനുണ്ടോ എന്നും ചോദിച്ചു..
രണ്ട് മൂന്നു സ്ഥാപനങ്ങളിൽ നിന്ന് കിട്ടാനുള്ള കണക്ക് അയാൾ പോലീസ് കാർക്ക് കൈമാറി… തരാനുള്ളവരുടെ നമ്പർ വാങ്ങി പോലീസുകാർ തന്നെ ഫോൺ ചെയ്തു.. നാളെ ഞങ്ങൾ വരുന്നുണ്ട്, അതിന് മുമ്പ് കാഷ് റെഡിയാക്കാൻ അവരോട് പറഞ്ഞു. പിറ്റേ ദിവസം അയാളെകൂട്ടി രണ്ട് പോലീസുകാർ സ്ഥാപനങ്ങളിൽ പോയി പണം വാങ്ങിക്കൊടുത്തു.. രണ്ട് ദിവസം കഴിഞ്ഞ് അയാളെ എയർ ഇന്ത്യ ഫ്‌ളൈറ്റിൽ ബോംബെയിലേക്ക് അയക്കുകയും ചെയ്തു.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഇങ്ങനെയുള്ള ആയിരക്കണക്കിന് ആളുകളുടെ കഥകൾ പറയാനുണ്ടാവും ഓരോ പ്രവാസിക്കും.
അമേരിക്കയിൽ കുടിയേറിയ ഇന്ത്യക്കാരെ കന്നുകാലികളേക്കാൾ മോശമായ രീതിയിൽ കയറ്റി വിട്ടതിന്റെ വാർത്ത കണ്ടപ്പോൾ, വെറുതെ ഓർത്തുപോയതാണ്..
ആറാം നൂറ്റാണ്ടിലെ അറബികളുടെ കടലു പോലെ വിശാലമായ മനസ്സും, മാന്യതയും സംസ്കാരവും നീതിയും മനുഷ്യത്വവും..`ഇരുത്തിയൊന്നാം നൂറ്റാണ്ടിലെ ആധുനിക മനുഷ്യന്റെ ഗോണ്ടിനാമോ തടവറയെക്കാൾ കുടുസ്സായ മനസ്സും മൃഗത്വവും..
ഖാലിദ് കാവിൽ