പുര കെട്ട് പഴയ ഓർമ്മകൾ ഒരു വിശദീകരണക്കുറിപ്പ്

Harisankar Kalavoor: ഓലപ്പുര

(പുരകെട്ട് )
പുരയുടെ മുകളിൽ ഓല മേയുന്നതിന്നാണ് പുരകെട്ട് എന്ന് പറയുന്നത്.


സാധാരണ പുര കെട്ടൽ മൂന്ന് വിധത്തിലാണ്.


തെങ്ങോല മാത്രം ഉപയോഗിക്കുന്നത്,


ഓലയും പുല്ലും വെച്ചുമേയുന്നത്,


ഓലയും പനയോലയും ഉപയോഗിക്കുന്നത്.


പ്രാദേശികമായ മാറ്റങ്ങളാണിതിന്നാധാരം.


വർഷത്തിൽ 5 – 6 തവണ തെങ്ങ് കയറും

. അതിൽ രണ്ട് പ്രാവശ്യം ഓല വെട്ടും

.
ഓലക്കൊയിൽ എന്നാണിതിന്ന് പേർ.


വെട്ടിയിട്ട ഓല കീറി മെടഞ്ഞു ഉണക്കിയാണ് പുര കെട്ടുക.

തുച്ചവും കടമ്പും മുറിച്ചു മാറ്റി ഓല കുത്തനെ വെച്ചു രണ്ടായി പിളർന്നു ചെത്തിമിനുക്കിയിടും .


അടുത്തത് ഓലമടയലാണ് . സാധാരണ, സ്ത്രീകൾ മാത്രം ചെയ്യുന്ന ഒരു ജോലിയാണ് ഓലമടയൽ

.
നല്ല പരിചയമുള്ള ഒരാൾ 30 മുതൽ 40 വരെ ഓലമടയും.


എണ്ണത്തിനാണ് കൂലി .
ഓല കൂടാതെ പുരയുടെ ഇറ ഭാഗത്ത് ഭംഗിക്കായി വെക്കുന്ന ഒരു തരം

ഓലയുണ്ട് അതിന്ന് ” കിടിൽ ” എന്നാണ് പേർ . കിടിൽ മടയുന്നവർ വളരെ കുറവായിരിക്കും .


ഒരു വർഷം മഴയും വെയിലും കൊണ്ട് ഉണങ്ങിച്ചുരുണ്ട ഓലക്ക് ചെറിയ ചെറിയ ദ്വാരങ്ങൾ ഉണ്ടാകും .

സൂര്യ കിരണങ്ങൾ ഇത് വഴി അകത്തേക്ക് വരാരുണ്ട്

.
ഏറെ സങ്കടം മഴ വെള്ളം ഇത് വഴി ചോർന്ന്, കിടക്കുന്ന കട്ടിലിലും പായയിലുമൊക്കെ

ഉറ്റിവീഴും. പകലന്തിയോളം അധ്വാനിച്ച്, ഉള്ള ഭക്ഷണവും കഴിച്ച്, ക്ഷീണത്തോടെ ഉറങ്ങുന്നവന്റെ ശരീരത്തിൽ വെള്ളമുറ്റും

. അവനറിയാതെ അൽപാൽപം നീങ്ങിക്കിടന്ന് കൊണ്ടിരിക്കും .

അങ്ങിനെ വാതുക്കലെ ബടാപ്പുറത്ത് നിന്നും നീങ്ങി നീങ്ങി മുറ്റത്ത് വീണ്
ഊര മുറിഞ്ഞ കഥ പറഞ്ഞു കേട്ടിട്ടുണ്ട് .


വെള്ളച്ചോർച്ചക്ക് തൽക്കാല പരിഹാരം”എടോലവലിക്കലാണ് ” ചോരുന്ന സ്ഥലം പ്രത്യേകം

കണ്ടുപിടിച്ച്, തേക്കിന്റെ ഇല , കവുങ്ങിൻ പാള മുതലായ സാദനങ്ങൾ അവിടെ തിരുകിക്കയറ്റി വെക്കുന്ന

പ്രക്രിയക്കാണ് എടോലവലി എന്ന് പറയുന്നത് . നിയന്ത്രണം വിട്ട ചോർച്ച കാരണം ഉറങ്ങാൻ കഴിയാതെ നേരം വെളുപ്പിച്ച സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് .

അടുപ്പിൽ വെള്ളം ചോർന്നു ഭക്ഷണം പാകം ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിയ കഥകളും അങ്ങിങ്ങായി ഉണ്ടായതാണ്.


ഭൂമിയോ പാടമോ ഇല്ലാത്തവർ പുരകെട്ടാൻ സമയമാകുമ്പോൾ മേയാനുള്ള ഓലക്ക് അങ്ങുമിങ്ങും ഓടി നടക്കുമായിരുന്നു .


ചില ധർമിഷ്ടരുടെ ഉദാര മനസ്സുകളാണവർക്കാശ്വാസം നൽകുന്നത് .
രാവിലെ മുതൽ വൈകുന്നേരം വരെ അദ്ധ്വാനിച്ച് “വേലചെയ്ത്,


ഓല കൂലിയായി വാങ്ങി”യവരും ഉണ്ടായിരുന്നത്രേ!
പുരകെട്ട് വേനൽക്കാലത്താണ് നടക്കുക .


പുര രാവിലെ തന്നെ പൊളിച്ച്, അടിച്ചു വൃത്തിയാക്കി വെക്കും .പുര പൊളിച്ചിട്ട വീട്ടുടമസ്ഥർക്ക് വലിയ ബേജാറായിരിക്കും . ഒരു വിപരീത പ്രാർത്ഥനയെ ഇത്തരുണത്തിൽ ഓർക്കാതിരുന്നു കൂടാ


തലേ ദിവസം വീട് കോൺക്രീറ്റ് ചെയ്തവൻ മഴ പെയ്യണേ എന്നും പുര പൊളിച്ചിട്ടവൻ മഴപെയ്യരുതേ എന്നുമാണ് പ്രാർത്ഥിച്ചത്.


കൂറ, പാറ്റ, ചിലന്തി,കരിങ്ങണ്ണി പോലൊത്ത ജീവികൾ തൽക്കാലത്തേക്കെങ്കിലും മാറി നിൽക്കും.


പിറ്റെ ദിവസമാണ് പുര കെട്ടുക. പുര പൊളിച്ചിട്ട് മേയുന്നതിന് മുമ്പ് അവിചാരിതമായി മഴ പെയ്ത്, വീട് മുഴുവൻ നനഞ്ഞ്,

കിടക്കപ്പൊറുതിയും ഇരിക്കപ്പൊറുതിയും ഇല്ലാതായിപ്പോയ സംഭവം ഈയുള്ളവന്റെ ഗ്രാമത്തിലുണ്ടായതാണ് . ഒന്നും ചെയ്യാൻ വയ്യാതായിപ്പോയ അവർക്ക്

രാവിലെ പ്രാതലിനുള്ള ഭക്ഷണം വീട്ടിൽ നിന്നും കൊടുത്തയച്ചത് ഓർമയിലുണ്ട്.ഓല

കീറുമ്പോൾ മാറ്റിയിട്ട പാന്തോനും , കൊതുമ്പിലും വെള്ളത്തിൽ കുതിർത്ത് ചെറുതായി കീറിയെടുത്ത നാര് കൊണ്ടാണ് പുര കെട്ടുക.


പുരകെട്ട്നാൾ ഒരാഘോഷദിനമാണ് .


പുതുതായി ഓലമേഞ്ഞ വീട്ടിൽ അന്തിയുറങ്ങുമ്പോഴുണ്ടാകുന്ന മാനസികാനുഭൂതിയും സന്തോഷവും ഒന്ന് വേറെ തന്നെയായിരുന്നു.


ജോലിക്കാരും സഹായികളും കുട്ടികളുമെല്ലാം ഒത്ത്ചേരും. കടല ഇട്ട് ഇളക്കിപ്പുഴുങ്ങിയ കപ്പയും കായ്ക്കറികളോടെയുള്ള ഉച്ചയൂണും അധി പ്രധാനമാണ്.


“പൊരേട്ടിന്റെ പായസം” എന്ന പേരിൽ പ്രസിദ്ധമായ പായസം തന്നെ ചില പ്രദേശങ്ങളിൽ പ്രത്യേകമായുണ്ട് .


പൊളിച്ചിട്ട ഓലക്ക് കരിയോല എന്നും കരിച്ചോല എന്നും പറയും . കരിച്ചോല നമ്പർ വൺ,നമ്പർ ടൂ,

എന്നിങ്ങനെ രണ്ട് തരമാണ്. അത് സെലക്ട് ചെയ്ത് വേർതിരിക്കാൻ പ്രത്യേക കഴിവുള്ള സ്ത്രീകള്‍ ഉണ്ട് .


പുതിയ ഓലയോടൊപ്പം ചേർത്ത് വീണ്ടും പുരകെട്ടാൻ പറ്റുന്നതിന്നാണ് നമ്പർ വൺ എന്ന് പറയുന്നത് .തെങ്ങിന് വളത്തൊടൊപ്പം

ചേർത്തിടാനും വെള്ളേരിക്കുഴിയിലിട്ട് കത്തിച്ചു കീടങ്ങളെ നശിപ്പിക്കാനുമൊക്കെയാണ് നമ്പർ ടു ഉപയോഗിക്കുക .


പുരകെട്ടിൽ പ്രത്യേക കഴിവുള്ള വ്യക്തികൾ ഉണ്ടായിരുന്നു . അതേപോലെ ഓല ചാട്ടത്തി(എറിഞ്ഞ് കൊടുക്കലി )നുമുണ്ട്

പ്രാവീണ്യമുളളവർ . അറിയാത്തവർ ഓല ചാടിയാൽ പുരപ്പുറത്തിരിക്കുന്നവന്റ

കണ്ണ് പൊട്ടിപ്പോകാൻ സാധ്യതയുണ്ട് . ആയിരവും ആയിരത്തി അഞ്ഞൂറും ഓലകൾ ആവശ്യമുള്ള വീടുകൾ ഉണ്ടായിരുന്നു .


മേപ്പുരയുള്ള പുരക്ക് വലിയ മുള ഉപയോഗിച്ച്,ഓല പൊന്തിച്ചു കൊടുക്കുകയാണ് ചെയ്യുക.


അവസാനത്തെ വരി വെക്കുന്നതിന്ന് മോന്തായമിടുക എന്നാണ് പറയുക. മോന്തായമിട്ടവനെ കോണി വെച്ചാണ് താഴെയിറക്കുക.


പുരകെട്ടിന്റെ അവസാന ഭാഗം ഇറ അരിയൽ പരിപാടിയാണ്.


നീളമുള്ള വാടയോ മട്ടലോ മേലെയും താഴയും വെച്ചു ഓലക്കണ്ണികൾ അടക്കിപ്പിടിച്ച്

അടിഭാഗം മൂർച്ച കൂടിയ കത്തി കൊണ്ട് അരിഞ്ഞു മാറ്റുന്നതിന്നാണ് ഇറയരിയുക എന്ന് പറയുന്നത്.


ഇതോടെ പുരകെട്ട് അവസാനിച്ചു.

അന്ന് സന്ധ്യ കഴിഞ്ഞാൽ
ചില വീടുകളിൽ


ഉറുമ്പിന് കൊടുക്ക എന്നൊരു പതിവുണ്ട്.

.
കൂട് നഷ്ടപ്പെട്ട ഉറുമ്പുകളെയും തേരട്ടയെയും പഴുതാരയെയും വിളിച്ചു കൊണ്ട് വീടിന്

ചുറ്റും കുട്ടികൾ പായസം തെറിപ്പിച്ചു കൊണ്ട് നടക്കും! “ഉറുമ്പേ ഉറുമ്പേ ഇഞ്ഞൂം പോ, കരിങ്ങണ്ണീ ക രിങ്ങണ്ണീ ഇഞ്ഞും പോ

എന്നിങ്ങനെ താളത്തിൽ പാടിഅത്രയും സർവ ജീവജാലങ്ങളെയും നാം ആദരിച്ചിരുന്നു എന്നതിൻ്റെ ദൃഷ്ടാന്തം!


70-80 കളിൽ നമ്മുടെ കൊച്ചു കേരളത്തിൽ,പ്രത്യേകിച്ച് മലബാറിൽ

സംഭവിച്ചിരുന്ന കാര്യങ്ങളാണിതെല്ലാ


തിരുത്തുകളും അഭിപ്രായങ്ങളും സ്വാഗതം ചെയത് കൊണ്ട് നിർത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

2% OFF