യൂനിവേഴ്‌സിറ്റിയില്‍ ഇസ്രായേലിനെതിരെ തുറന്നടിച്ച് വിദ്യാര്‍ത്ഥിനി; വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്-

ന്യൂയോര്‍ക് യൂനിവേഴ്‌സിറ്റിയില്‍ ഇസ്രായേലിനെതിരെ തുറന്നടിച്ച് വിദ്യാര്‍ത്ഥിനി; വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്-

JUNE 02, 2023
ന്യൂയോര്‍ക്ക്: ക്യൂന്‍സിലെ ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങില്‍ ഫലസ്തീനികള്‍ക്കു നേരെയുള്ള ഇസ്രായേല്‍ അധിനിവേശത്തിനെതിരെ തുറന്നടിച്ച് വിദ്യാര്‍ത്ഥിനി. യെമന്‍ വംശജനായ നിയമ വിദ്യാര്‍ത്ഥി ഫാത്തിമ മൂസ മുഹമ്മദ് ആണ് ബിരുദം സ്വീകരിച്ചുകൊണ്ട് ഇസ്രായേലിനെതിരെ സംസാരിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെ വീഡിയോ യൂട്യൂബില്‍ നിന്നും അധികൃതര്‍ നീക്കം ചെയ്തു.
ഫലസ്തീനികളുടെ മനുഷ്യാവകാശങ്ങളെ കുറിച്ച് നടത്തിയ ബിരുദദാന പ്രസംഗം ട്വിറ്റര്‍ ലോകത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരാണ് രംഗത്തെത്തിയത്.
13 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ ‘ഫലസ്തീനിയന്‍ സമൂഹങ്ങളെ സംരക്ഷിക്കണമെന്നും നാശത്തിന്റെയും അക്രമത്തിന്റെയും ‘സാമ്രാജ്യത്തെ’ പോഷിപ്പിക്കാന്‍ സൃഷ്ടിക്കപ്പെട്ട അടിച്ചമര്‍ത്തല്‍ സംവിധാനങ്ങളെ നേരിടേണ്ടതുണ്ടെന്നും ഫാത്തിമ പറഞു.’
‘ഇസ്രായേല്‍ ഫലസ്തീനികള്‍ക്ക് നേരെ വെടിയുണ്ടകളും ബോംബുകളും വര്‍ഷിക്കുന്നു, വൃദ്ധരെയും ചെറുപ്പക്കാരെയും കൊല്ലുന്നു, അവരുടെ ശവസംസ്‌കാരങ്ങള്‍ക്ക് നേരെയും ഖബറിടങ്ങള്‍ക്ക് നേരെയും ആക്രമണമഴിച്ചു വിടുന്നു. അവരുടെ വീടുകള്‍ ‘ഉയര്‍ന്നപ്പോള്‍’ ശതകോടിക്കണക്കിന് ഫലസ്തീനികള്‍ എങ്ങനെയാണ് കുടിയിറക്കപ്പെട്ടത്.
ലോകമെമ്പാടും വെളുത്ത മേധാവിത്വത്തിന്റെ പ്രകടനവും അടിച്ചമര്‍ത്തലും തുടരുന്നതിനിടെ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള സര്‍വകലാശാലയുടെ നിലപാടില്‍ അഭിമാനം കൊള്ളുന്നുവെന്നും ലോകമെമ്പാടുമുള്ള മുതലാളിത്തത്തിനും വംശീയതയ്ക്കും സയണിസത്തിനും എതിരായ പോരാട്ടത്തിനുള്ള ഇന്ധനമായി തന്റെ അനുസ്മരണ പ്രസംഗം ഉപയോഗിക്കണമെന്ന് ബിരുദധാരികളായ അഭിഭാഷകരോടും അവരുടെ കുടുംബങ്ങളോടും ഫാക്കല്‍റ്റി അംഗങ്ങളോടും അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ഫാത്തിമ പ്രസംഗം അവസാനിപ്പിച്ചത്. ഹാളിലെ തിങ്ങിനിറഞ്ഞ സദസ്സില്‍ ഏറെ കരഘോഷത്തോടെയാണ് ഫാത്തിമയുടെ പ്രസംഗത്തെ എതിരേറ്റത്.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഫാത്തിമക്കെതിരെ അധിക്ഷേപവുമായി അമേരിക്കയിലെ തീവ്ര വലതുപക്ഷ അനുയായികള്‍ രംഗത്തെത്തി. ഫാത്തിമയെ യെമനിലേക്ക് തിരിച്ചയക്കണമെന്നും അവള്‍ ആന്റി സെമിറ്റിക് ആണെന്നുമായിരുന്നു വിമര്‍ശനം. എന്നാല്‍ ന്യൂയോര്‍ക് മേയര്‍ അടക്കം ഫാത്തിമക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. സര്‍വകലാശാലക്ക് നേരെയും പ്രതിഷേധം വ്യാപകമായതോടെ കോളേജ് അധികൃതര്‍ പ്രസംഗത്തിന്റെ വീഡിയോ യൂട്യൂബില്‍ നിന്നും നീക്കം ചെയ്തു. എന്നാല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
നേരത്തെ ഫാത്തിമ മുഹമ്മദ് ‘സയണിസ്റ്റ് പ്രൊഫസര്‍മാര്‍ക്ക്’ എതിരായ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സ്റ്റുഡന്റ്‌സ് ഫോര്‍ ജസ്റ്റിസ് ഇന്‍ ഫലസ്തീന്‍ ഗ്രൂപ്പിന്റെ സജീവ അംഗമായ ഫാത്തിമ കോമണ്‍ ഫ്രീഡംസ് സ്റ്റഡീസില്‍ ബിരുദമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

2% OFF